Search This Blog
Monday, 18 December 2017
നൂറു സിംഹാസനങ്ങൾ
ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന കൃതിയെ ഒരു നോവൽ എന്നു വിളിക്കാമോ എന്നറിയില്ല. കഥയ്ക്കും നോവലിനും ഇടയിൽ നിൽക്കുന്ന ഒരു രചന. ഈ കൃതിയുടെ ആദ്യം തൊട്ട് അവസാനം വരെ വളരെ സങ്കീർണമായ ഒരു വൈകാരികതയിലൂടെ കടന്നുപോകുന്ന കഥാനായകനെയാണ് കാണാൻ കഴിയുന്നത്. പച്ചയായ ജീവിത യാഥാർഥ്യങ്ങൾക്ക് മുൻപിൽ പലപ്പോഴും പകച്ചു നിന്നുപോകുന്ന ധർമ്മപാലൻ എന്ന കഥാനായകൻ വായനക്കാരുടെ മനസ്സിൽ തങ്ങി നിൽക്കും എന്നു സംശയമില്ലാതെ പറയാം. ഇതിൽ വരച്ചു കാണിക്കുന്ന പാർശ്വവൽക്കരിക്കപെട്ടവരുടെയും അധഃകൃതരുടെയും ജീവിത യാഥാർത്ഥ്യങ്ങളെ അല്പം വേദനയോടെയല്ലാതെ ഉൾകൊള്ളാൻ കഴിയില്ല. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന് നാടിന്റെ ഭരണചക്രം തിരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥനായി മാറിയിട്ട് പോലും തന്നെ വിടാതെ പിന്തുടരുന്ന അപകർഷതയുടെ ഭാരം ചുമക്കേണ്ടിവരുന്ന ധർമ്മപാലൻ, അവർണ്ണനെന്നും സവർണ്ണനെന്നും മനുഷ്യരെ ജാതീയമായി വേർതിരിച്ച നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനാകാത്ത വിധം നിസ്സഹായനായി മാറുന്ന പല അവസരങ്ങളും ഇതിൽ കാണാൻ കഴിയും. നായാടികൾ എന്നൊരു വിഭാഗം മനുഷ്യർ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ മൃഗതുല്യമായ ജീവിതം നയിച്ചു പോന്നിരുന്നു എന്ന് ചരിത്രപുസ്‌തകങ്ങളുടെ താളുകളിൽ ഒരുപക്ഷേ കണ്ടില്ലെന്നു വരാം, കാരണം ചരിത്ര രചനയിൽ പോലും അവഗണന നേരിടാൻ വിധിക്കപ്പെട്ടവരാണവർ. ഇത്തരം യാഥാർഥ്യങ്ങളെ ശക്തമായി അടയാളപെടുത്തുന്ന ഒരു കൃതിയാണ് നൂറു സിംഹാസനങ്ങൾ. മാതൃപുത്ര ബന്ധത്തിന്റെ വിചിത്രമായ പ്രാകൃത രൂപങ്ങൾ ഇതിൽ കാണാം. നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കുന്ന വേദനയോടെ മാത്രമേ ഒരുപക്ഷേ ഈ കൃതി വായിച്ചു തീർക്കാൻ കഴിയുകയുള്ളൂ. ജീവിതഗന്ധിയായ ഒരു കഥ വായനകാരന്റെ നെഞ്ചു പൊള്ളിക്കും വിധം എഴുതി ഫലിപ്പിച്ച ജയമോഹന് പ്രണാമം.
Subscribe to:
Post Comments (Atom)
No comments:
Post a Comment