Search This Blog

Saturday, 16 December 2017

ഞാനും ബുദ്ധനും


രാജകീയ പ്രൗഢിയുടെയും ലൗകിക സുഖങ്ങളുടെയും ലോകത്തിൽ നിന്ന് സർവ്വപരിത്യാഗത്തിലൂടെ ആത്മീയതയുടെ പന്ഥാവിലേക്ക് നടന്നു നീങ്ങി, അനന്തരം മഹാനിർവാണം പൂകിയ ശ്രീബുദ്ധന്റെ ജീവിത കഥയുടെ പശ്ചാത്തലത്തിൽ
ശ്രീ രാജേന്ദ്രൻ എടത്തുംകര രചിച്ച 'ഞാനും ബുദ്ധനും' എന്ന നോവൽ വ്യത്യസ്തതയാർന്നതും വികാരതീവ്രവുമായ ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമാണ്.
ശ്രീബുദ്ധൻ ലോകത്തിന് ഒരു പുതു വെളിച്ചമായി മാറുമ്പോൾ വ്യാവഹാരിക തലത്തിൽ അദ്ദേഹത്തിന്റെ ഉറ്റവരും ഉടയവരും ആയിരുന്നവർ  അകപ്പെട്ടുപോകുന്ന തീവ്രദുഃഖമാകുന്ന അന്ധകാരത്തെ വളരെ തന്മയത്വത്തോടെ രചയിതാവ് ഈ നോവലിലൂടെ വരച്ചുകാണിക്കുന്നു. സിദ്ധാർത്ത രാജകുമാരന്റെ പത്നി, പിതാവ്, മാതാവ്, സഹോദരൻ എന്നിങ്ങനെ തുടങ്ങി അദ്ദേഹത്തിന്റെ തേരാളിയും ഭൃത്യരും വരെ ഉൾപെടുന്ന കഥാപാത്രങ്ങളുടെ ജീവിതം എങ്ങനെ മാറിമാറിയുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. 'ഞാനും ബുദ്ധനും' എന്ന തലക്കെട്ടിനെ അന്വർത്തമാക്കുന്ന തരത്തിലാണ് കഥാഖ്യാനം മുന്നോട്ടു പോകുന്നത്. സിദ്ധാർത്ത പത്നിയായ ഗോപയുടെയും അമ്മ മഹാറാണിയുടെയുമെല്ലാം ദുഃഖവും നിസ്സഹായതയും അതിന്റെ എല്ലാ തീവ്രതയോടുംകൂടി അവതരിപ്പിക്കപ്പെടുന്നിടത്ത് കൃത്യമായ സ്ത്രീപക്ഷ സമീപനം എഴുത്തുകാരൻ മുന്നോട്ട് വയ്ക്കുന്നതായി കാണാം. ഭർതൃവേർപാടിന്റെ സന്താപത്തിൽ ഉരുകി കഴിയുന്ന സഹോദരിയുടെ ദുഃഖത്തിന് പ്രതികാരം ചെയ്യാൻ തുനിഞ്ഞിറങ്ങുന്ന ഒരു സഹോദരനെയും, അതിനായി ബുദ്ധ ഭിക്ഷുവായി അഭിനയിക്കാൻ വരെ തയ്യാറാകുന്ന അവന്റെ സാഹസങ്ങളും, അവസാനം തൻറെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോളുള്ള അവന്റെ ദൈന്യതയുമൊക്കെ വികാരപരമായി തന്നെ അവതരിപ്പിക്കപ്പെടുന്നു. നോവലിന്റെ ആരംഭം മുതൽ അവസാനം വരെയും പ്രതിഫലിക്കുന്ന ശോകർദ്രമായ ഭാവം ഒരുപക്ഷേ കുറച്ചു വായനക്കാരുടെയെങ്കിലും അപ്രീതി പിടിച്ചു പറ്റി എന്നു വരാം.
വ്യത്യസ്തവും വികാരപരവുമായ ഒരു വായനാനുഭവം പ്രധാനം ചെയ്യാൻ കെൽപ്പുള്ള നല്ലൊരു നോവൽ തന്നെയാണ് 'ഞാനും ബുദ്ധനും' എന്നു നിസ്സംശയം പറയാം.

No comments:

Post a Comment