ശ്രീ പുടയൂർ ജയനാരായണൻ മഹാഭാരതമെന്ന ഭാരതീയ ഇതിഹാസത്തെ അടിസ്ഥാനമാക്കി എഴുതിയ ചക്രവ്യൂഹം എന്ന നോവൽ നൽകിയത് വളരെ നല്ല ഒരു വായനാ അനുഭവമായിരുന്നു.
കുരുക്ഷേത്രയുദ്ധത്തിന്റെ പതിമൂന്നാം നാളിൽ എതിരാളികളായ കൗരവപക്ഷം യുദ്ധനിയമങ്ങളും മര്യാദകളും ധർമ്മവും പാലിക്കാതെ അന്യായമായി അത്യന്തം ക്രൂരമായി കൊലചെയ്‌ത അർജുനപുത്രൻ അഭിമന്യുവിന്റെ ജീവിത കഥ, ചക്രവ്യൂഹത്തെ ജയിക്കാനുള്ള അറിവ് തന്നിൽ അപൂർണമാണെന്ന് അറിയാമായിരുന്നിട്ടും വ്യൂഹം ഭേദിച്ച് ഉള്ളിൽ കടന്നാൽ ഒരു പക്ഷെ മരണമാവും ഫലം എന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും സ്വധർമ്മം അനുഷ്ഠിക്കുന്നതിൽ പരം ശ്രേയസ് മറ്റൊന്നിനും നൽകാനാവില്ലെന്ന ഉത്തമ ബോധ്യത്തോടെ പടപൊരുതിയ ധീര യോദ്ധാവിൻറെ കഥ. ആ കഥ ആണ് ചക്രവ്യൂഹം എന്ന ഈ നോവലിന്‍റെ ഇതിവൃത്തം.
പതിനാറാം വയസ്സിൽ വീര മൃത്യു വരിക്കേണ്ടി വന്ന ധീര യോദ്ധാവും മഹാരഥിയുമായിരുന്ന അഭിമന്യു അവസാന ശ്വാസം വരെയും അധർമ്മം പ്രവർത്തിക്കാതെ ധർമ്മനിഷ്ഠനായി നിലകൊണ്ടു എന്നത് അദ്ദേഹത്തെ ഒരു അനശ്വര ഇതിഹാസപുരുഷനാക്കി മാറ്റുന്നു. അച്ഛനായ അർജുനൻ അമ്മ സുഭദ്രയുമായി ചർച്ച ചെയ്ത ചക്രവ്യൂഹഭേദനം (അപൂർണമായി ) ഗർഭത്തിലിരിക്കുമ്പോൾ കേട്ട് ഹൃദിസ്ഥമാക്കിയ അഭിമന്യു തന്‍റെ ഹ്രസ്വമായ ജീവിതം മുഴുവനും വരാനിരിക്കുന്ന മഹായുദ്ധത്തിനായുള്ള തയ്യാറെടുപ്പാക്കി മാറ്റിയത് ഗ്രന്ഥകാരൻ ഹൃദ്യമായ എഴുത്തിലൂടെ വരച്ചു കാണിക്കുന്നു. അഭിമന്യുവിൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ മുൻനിർത്തിയാണ് ആഖ്യാനം മുന്നോട്ട് പോകുന്നതെങ്കിലും മഹാഭാരതത്തിൻറെ സത്ത ഒട്ടും തന്നെ ചോർന്നു പോവാതെ പ്രധാനപ്പെട്ട മറ്റ് പല കഥാസന്ദർഭങ്ങളും ഭംഗിയായി കൂട്ടിചേർത്തിരിക്കുന്നതായി കാണാം. കേന്ദ്രകഥാപാത്രമായ അഭിമന്യുവിൻറെ വൈകാരികതലങ്ങളിലേക്ക് വായനക്കാരനെ കൂട്ടികൊണ്ട് പോകാനുതകുന്ന രീതിയിലാണ് എഴുതിയിരിക്കുന്നതെങ്കിലും അമിതമായ വൈകാരികതയോ മൂലകൃതിയായ മഹാഭാരതത്തിനോട് നീതി പുലർത്താത്ത വ്യാഖ്യാനങ്ങളോ ഉൾക്കൊള്ളിച്ചിട്ടില്ല എന്നത് ഈ നോവലിനെ വേറിട്ടു നിർത്തുന്നു. അഭിമന്യുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും അവരുമായി അദ്ദേഹത്തിനുള്ള ബന്ധത്തിൻെ ആഴങ്ങളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതിൽ എടുത്ത് പറയാതിരിക്കാനാവാത്തത് തന്റെ അമ്മാവനും അച്ഛൻ അർജുനൻറെ ആത്മമിത്രവുമായ ദ്വാരകാധീശൻ ശ്രീകൃഷ്ണനുമായി അദ്ദേഹത്തിനുള്ള അടുപ്പം അവതരിപ്പിച്ചിരിക്കുന്നതിനെയാണ്. ധനുർവേദത്തെ കുറിച്ചും ആയുധങ്ങളുടെ നിർമാണത്തെ കുറിച്ചുമൊക്കെയുള്ള വിവരണങ്ങൾ ഒട്ടും മുഴച്ചു നിൽക്കാത്ത രീതിയിൽ ഈ കൃതിയിൽ ലയിപ്പിച്ചത് ഭാരതീയമായ പൂർവ സംസ്കൃതിയുടെയും സാങ്കേതിക വിദ്യയുടെയും മഹത്വം വിളിച്ചോതുന്നതായി തോന്നി.
നോവലിൻറെ മുഖവുരക്ക് കൊടുത്ത "നേത്രോന്മീലനം" എന്ന തലക്കെട്ട് ആകർഷണീയമായി. ഓരോ അധ്യായങ്ങൾക്കും കൊടുത്തിരിക്കുന്ന തലക്കെട്ടുകൾ കഥാസന്ദർഭങ്ങളോട് ഇണങ്ങി നിൽക്കുന്നതും പ്രസക്തവുമാണ്.
പ്രത്യേകമായ ഒരു വായനാ അനുഭൂതി പ്രധാനം ചെയ്ത ഈ കൃതിയെക്കുറിച്ചു ഇനിയും ഏറെ എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു ചെറിയ ആസ്വാദനകുറിപ്പായ് ഇത് ഇവിടെ നിർത്തുന്നു . ഗ്രന്ഥകാരനായ ശ്രീ പുടയൂർ ജയനാരായണന് പ്രണാമം.
No comments:
Post a Comment