Search This Blog

Thursday, 11 August 2022

പൊന്നിയിന്‍ സെല്‍വന്‍


ചരിത്രപുസ്തകത്താളുകളില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതിവെക്കപെടേണ്ടിയിരുന്ന ചോള സാമ്രാജ്യചരിത്രത്തിലെ വിസ്മയിപ്പിക്കുന്ന ചില സംഭവങ്ങളെ ആസ്പദമാക്കി തമിഴിലെ വിഖ്യാത സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവല്‍ സമ്മാനിച്ച വായനാനുഭവം എന്നെ സംബന്ധിച്ച്‌ വിവരണങ്ങള്‍ക്കതീതമായ ഒരു അനുഭൂതി തന്നെയായിരുന്നു. അഞ്ചു വാല്യങ്ങളിലായി തമിഴില്‍ പില്‍ക്കാലത്ത്‌ പുസ്തകരൂപത്തില്‍ പ്രസിധീകരിക്കപെടുന്നതിനു മുന്‍പ്‌ 1950 മുതല്‍ മൂന്നര വര്‍ഷത്തോളം എല്ലാ ആഴ്ചയിലും കല്‍ക്കി എന്ന തമിഴ്‌ മാസികയിലാണ് ഈ നോവലിന് ആദ്യമായി അച്ചടിമഷിപുരണ്ടത്. എഴുപത് വര്‍ഷങ്ങള്‍ക്ക്‌ ഇപ്പുറം ശ്രീ ജി. സുബ്രമണ്യന്‍ രണ്ടു വാല്യങ്ങളിലായി (1200 ഓളം പേജുകള്‍) മലയാളത്തിലേക്ക് ഈ ഉജ്ജ്വല കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നു.

“തുടക്കമോ ഒടുക്കമോ ഇല്ലാത്ത കാലജലപ്രവാഹത്തില്‍ ഭാവനയാകുന്ന നൗകയില്‍ കയറി എന്റെ കൂടെ കുറച്ചു ദൂരം യാത്ര ചെയ്യുവാന്‍ ഞാന്‍ വായനക്കാരെ ക്ഷണിക്കുന്നു” എന്ന ആദ്യ വരിയില്‍ കഥാകാരന്‍ നടത്തുന്ന ക്ഷണം സ്വീകരിച്ച് ഭാവനയാകുന്ന ആ നൗകയില്‍ കയറാന്‍ തയ്യാറാവുന്ന ആനുവാചകനെ ആദ്യാവസാനം മുള്‍മുനയില്‍ നിര്‍ത്തുന്ന ചടുലവും മനോഹരവുമായ കഥാഖ്യാനം ഈ കൃതിയെ വേറിട്ട്‌ നിര്‍ത്തുന്നതിനൊപ്പം ത്രസിപ്പിക്കുന്ന ഒരു വായനാനുഭവവും സൃഷ്ടിക്കുന്നു. അന്നത്തെ ചോളസാമ്രാജ്യ ചക്രവര്‍ത്തിയായ സുന്ദര ചോളന്‍ എന്നറിയപെട്ട പരാന്തകന്‍ രണ്ടാമന്റെ മൂത്ത മകനും യുവരാജാവയി പട്ടാഭിഷേകം ചെയ്യപെട്ടവനുമായിരുന്ന ആദിത്യ കരികാലന്‍റെ  ആത്മമിത്രമായ വല്ലവരയന്‍ വന്ധ്യദേവന്‍ എന്ന യുവ യോദ്ധാവിനെ അവതരിപ്പിച്ചുകൊണ്ട്‌ തുടങ്ങുന്ന കഥാഘ്യാനം ഈ കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയും അവന്‍റെ അനുഭവങ്ങളിലൂടെയുമാണ് മുന്നോട്ട് നീങ്ങുന്നത്. പിതാവും ഇപ്പോള്‍ രോഗശയ്യയിലുമായിരിക്കുന്ന സുന്ദരചോള ചക്രവര്‍ത്തിക്കും സഹോദരി കുന്തവ ദേവിക്കും ചില സന്ദേശങ്ങള്‍ എത്തിക്കാനായി ആദിത്യകരികാലന്‍ വന്ദ്യദേവനെ പറഞ്ഞയക്കുന്നതില്‍ തുടങ്ങി, ആ യാത്രയില്‍ വന്ദ്യദേവന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അസാധാരണവും ആപത്കരവുമായ അനേകം സംഭവങ്ങളിലൂടെ വികസിച്ച് മുന്നോട്ട് പോകുന്ന കഥ മിക്കപോഴും വായനക്കാരനെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നു, ചിലപ്പോള്‍ ആവേശം കൊള്ളിക്കുന്നു, മറ്റുചിലപ്പോള്‍ സങ്കടപെടുത്തുന്നു. ഇത്തരത്തില്‍ അനുവാചകന്‍റെ മനസ്സില്‍ പലതരം വികാരങ്ങളുടെ ഏറ്റകുറച്ചിലുകള്‍ സൃഷ്ടിക്കുവാനും അവസാനം വരെ അവനെ പിടിച്ചിരുത്താനും ഈ നോവലിന് അനായാസം സാധിക്കുന്നു എന്നത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്.

ഒരു ചെറു അരുവിയായി പിറവികൊണ്ട് പിന്നീടൊരു പുഴയായി പരിണമിച്ച് ശക്തിയായി മുന്നോട്ടൊഴുകി കൈവരികളെ ചേര്‍ത്ത് വികസിച്ച് മഹാനദിയായിമാറി അവസാനം കടലില്‍ വിലയം പ്രാപിക്കുന്ന കാവേരി നദി  പണ്ട് പൊന്നി നദി എന്നും അറിയപെട്ടിരുന്നു. ആ പൊന്നി നദിയുടെ മകന്‍ എന്ന്‍ അര്‍ഥം വരുന്ന “പൊന്നിയിന്‍ സെല്‍വന്‍” എന്ന പേര് ഈ കഥയ്ക്ക് എന്ത് കൊണ്ട് കൊടുത്തു എന്ന ചോദ്യം ആദ്യം തന്നെ വായനക്കാരന്‍റെ മനസ്സില്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. കഥയില്‍ ആദ്യാവസാനം കാണപെടുന്ന ശക്തമായ ഒരു കഥാപാത്രം വന്ദ്യദേവന്‍ ആണെങ്കിലും യഥാര്‍ത്ഥ കഥാനായകന്‍ പൊന്നിയിന്‍ സെല്‍വന്‍ എന്ന് വിളിക്കപെട്ടിരുന്ന, പില്‍കാലത്ത്‌ രാജരാജചോളന്‍ എന്നറിയപെട്ട അരുള്‍മൊഴിവര്‍മ്മന്‍ ആണ് എന്നത് ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. പൊന്നിയിന്‍ സെല്‍വന്‍ എന്ന പേര് അരുള്‍മൊഴിക്ക് എങ്ങനെ വന്നു എന്നതിന് പിന്നിലെ കഥയും ഈ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇതിഹാസതുല്യമായ ഈ നോവലില്‍ ശക്തമായ ഒരുപാട് കഥാപത്രങ്ങളെ കാണാം. ചോളസാമ്രാജ്യ ചരിത്രത്തില്‍ നിന്നും എടുത്ത ഈ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ കോര്‍ത്തിണക്കികൊണ്ട് പല ചരിത്ര മുഹൂര്തങ്ങളെയും കഥയിലെ നാഴികക്കല്ലുകളാക്കിമാറ്റുന്നതില്‍ കഥാകാരന്‍ തന്‍റെ അസാമാന്യ പാടവം പുറത്തെടുക്കുന്നു.

കുന്തവദേവി, നന്ദിനി, പൂങ്കുഴലി തുടങ്ങിയ അതിശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ കഥയുടെ നെടുംതൂണായി നില്‍ക്കുന്നത്‌ കാണാം. കഥയില്‍ അവര്‍ക്ക്‌ ലഭിക്കുന്ന പ്രാധാന്യം ഇത്‌ അടിവരയിടുന്നു.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വയനാനുഭൂതി എനിക്ക് സമ്മാനിച്ച ഈ നോവലിനെ കുറിച്ച് എത്ര എഴുതിയാലും തൃപ്തി വരില്ല എങ്കിലും ഇനി എത്ര കൂടുതല്‍ എഴുതിയാലും അതും മതിവരില്ല എന്നത് കൊണ്ട് നിര്‍ത്തുന്നു.