ചിന്തകളുടെ കുത്തോഴുക്കുകള്ക്കിടയില് വാക്കുകള്‍ അണകെട്ടിയപോലെ ഒരിടവേള. അതില്‍ പ്രശാന്തിയുടെ ഗാംഭീര്യം വിളിചോതുമാറ് ഒരല്പനേരത്തെ നിശ്ചലത. മനസ്സിന്റെ പ്രവര്ത്തനം നിലച്ചതല്ലെന്ന സ്വയംബോധ്യപെടുത്തലെന്നപോല് വീണ്ടും ചിന്തകളാകുന്ന ഓളങ്ങള്‍. അലതല്ലും കടലുപോലെ വീണ്ടുമാ പ്രക്ഷുബ്ദാവസ്ഥയിലേക്ക്. സ്വന്തം മാനസികാവസ്ഥ സ്വയം വിശകലനം ചെയ്ത് ദൂരേക്ക് നോക്കി കണ്ണിമ ചിമ്മാതെ ഇരിക്കുംമ്പോളും എവിടെയോ ആരോ മന്ത്രിക്കുന്ന പോലെ “സ്വയം നഷ്ടപെടാതെ പിടിച്ചു നില്ക്കൂ” – നമ്മെ നാമല്ലാതാക്കി മാറ്റാന്‍ നിരന്തരം പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് തനിമ നഷ്ടപെടാതെ നിലനില്ക്കാനുള്ള ഒരാഹ്വനം പോലെ. അതെ എവിടെയൊക്കെയോ നമ്മുക്കെല്ലാവര്ക്കും നമ്മളെത്തന്നെ നഷ്ടപെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ അളവുകളിലെ ഏറ്റക്കുറച്ചിലുകളില്‍ മാത്രം നമ്മളെല്ലാവരും വ്യത്യസ്തരാവുന്നു. മനസ്സിന്റെ കടിഞ്ഞാണ്‍ മുറുകെ പിടിച്ചുകൊണ്ട് നമ്മളെല്ലാവരും പൊരുതുന്നു ഒരു നിത്യസമരത്തിലെന്ന പോലെ ഓരോ നിമിഷവും. ശ്വാസനിശ്വാസങ്ങള്‍ക്കിടയില്‍ പോലും ചിന്തകള്‍ കാട്കയറുമ്പോള് അത്രമേല്‍ കഠിനം ഈ പോരാട്ടം. ഏകാന്തത പോലും ഒറ്റപെടലുകളായി തരംതാഴ്ന്നുപോകുന്ന സമയങ്ങളില്‍ ആത്മസംഘര്ഷങ്ങള്ക്കൊരല്പ്പമയവെന്ന പോലെ മിന്നി മറയുന്ന പ്രശാന്തിയുടെ സ്വര്ണ്ണകിരണങ്ങള്‍. അത്യന്തികമായൊരാ ജീവിതലക്ഷ്യം പോലും മറവിയാം കാണാക്കയങ്ങളിലേക്കൊളിക്കുവാന് വെമ്പുന്ന ലോകത്ത് പിടിച്ചുനില്ക്കുവാന് ഇനിയും കരുത്ത് നേടേണ്ടിയിരിക്കുന്നു. ഭൌതികവലയങ്ങള്ക്കപ്പുറമെവിടെയോ കാണാമറയത്ത് നിന്ന് പ്രതീക്ഷകളുടെ നേര്ത്ത കണങ്ങള്‍ എന്റെ നേരെ സ്ഫുരിപ്പിച്ചുക്കൊണ്ടിരിക്കുന്ന അദ്രിശ്യമായൊരാ ശക്തീ - നിന്നില്ലേക്കെന്നെ നയിച്ചാലും.