Search This Blog

Sunday, 26 February 2017

വെറുതെ ചില കുത്തിക്കുറിക്കലുകൾ

എഴുതുവാൻ കൊതിക്കുന്നുവെങ്കിലും ചലിക്കാൻ മടിക്കുന്നൊരീ തൂലികത്തുമ്പിൽ വിറയാർന്നു മരിക്കുന്നൂ വാക്കുകൾ...

മറവിതൻ മാറാല തട്ടി നീക്കികൊണ്ടൊരു ശ്രമം നടത്താനൊരുമ്പെടുമ്പോഴും മനസ്സിൻ അഗാധമാം വാതായനങ്ങൾ തുറക്കപെടാത്തതെന്തേ...

എവിടെയാണെൻ പ്രചോദനത്തിൻ പരാജയം അവിടെ നിന്നും തുടങ്ങട്ടേ വീണ്ടും ഞാൻ...

Monday, 20 February 2017

സ്ത്രീ സുരക്ഷ - ചില ചിന്തകൾ

സ്ത്രീകളുടെ സുരക്ഷ എന്നത് സമൂഹത്തിലെ ഓരോരുത്തരും സ്വയം ഏറ്റെടുക്കേണ്ട ഒരു ഉത്തരവാദിത്വം തന്നെയാണ്. അതിൽ നാം ദയനീയമായി പരാജയപ്പെടുന്നു എന്നതിന്റെ പ്രതിഫലനങ്ങളാണ് ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും അവർ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥയും. എന്ത് കൊണ്ട് സ്ത്രീകൾ നിഷ്കരുണം ആക്രമിക്കപ്പെടുന്നു? ഇങ്ങനെ ഒരു ചോദ്യം ഒരുപക്ഷെ അവസാനമായി എത്തി നിൽക്കുക പുരുഷ സമൂഹത്തിന്റെ വ്യക്തി വികാസത്തിൽ ആയിരിക്കും. അതിൽ സംഭവിച്ച അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾ ഒരു ചാട്ടുളി പോലെ പ്രഹരിക്കുന്നത് സ്ത്രീ സമൂഹത്തിന്റെ സുരക്ഷയെ ആണ് എന്ന് നിസ്സംശയം പറയാം. അമ്മമാരും സഹോദരിമാരും ഭാര്യമാരും പെൺമക്കളും ഒക്കെ ഉൾപ്പെടുന്ന സ്‌ത്രീ സമൂഹത്തിന്റെ സുരക്ഷക്കായി ഏറ്റവും ആദ്യം ചെയ്യേണ്ടത് മുന്നേ സൂചിപ്പിച്ച പുരുഷ സമൂഹത്തിൽ ഉണ്ടായ അല്ലെങ്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങൾ ഇല്ലാതാക്കാൻ ശ്രമങ്ങൾ തുടങ്ങുക എന്നതാണ്. ഇത് എവിടെ തുടങ്ങണം എന്ന ചോദ്യത്തിന്റെ ഉത്തരം കുടുംബം എന്ന പവിത്രമായ ഗേഹത്തിൽ എന്നായിരിക്കും. ഓരോ കുടുംബത്തിലും വളർന്നു വരുന്ന ആൺ തലമുറയെ സ്നേഹത്തിലൂടെയും വാത്സല്യത്തിലൂടെയും മൂല്യബോധമുള്ളവരായി ഉയർത്തി കൊണ്ടുവരുന്നിടത്തു മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും. ഇത് ഒരു വശം മാത്രമേ ആകുന്നുള്ളൂ എന്നതും മറ്റൊരുപാട് സാമൂഹിക സാംസ്കാരിക ഘടകങ്ങളും സ്ത്രീ സുരക്ഷ എന്ന ഈ വിഷയത്തിൽ ഉൽപെട്ടിട്ടുണ്ട് എന്നതും വിസ്മരിക്കാതെ തന്നെ പറയട്ടെ മേൽ പറഞ്ഞ പോലെ ഓരോ മകനും നന്നായി വളർത്തപ്പെടുന്നിടത്താണ് സമൂഹം ആഗ്രഹിക്കുന്ന മാറ്റം തുടങ്ങാൻ പോകുന്നത്. വിദ്യാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ഉപയോഗശൂന്യങ്ങളായ കുറെ അറിവുകളുടെ ഭാണ്ഡം ചുമക്കുന്ന വെറും കോവർകഴുതകളാക്കപെടരുത്. അറിവിനോളം പ്രാധാന്യം അവർ സ്വാംശീകരിക്കുന്ന മൂല്യങ്ങൾക്കും ഉണ്ട് എന്ന ബോധ്യത്തോടെ ഓരോ വിദ്യാർത്ഥിയും അഭ്യസിപ്പിക്കപെടണം. മാതാവും പിതാവും അദ്ധ്യാപകരും ചേർന്ന് നല്ലൊരു ആൺ തലമുറയെ വാർത്തെടുക്കാൻ പരിശ്രമിച്ചാൽ മാറ്റം സുനിശ്ചിതമാവും തീർച്ച.